കുടുംബസ്നേഹമില്ലാത്ത വർഗ്ഗം
വളപ്പിലെ ചക്ക മൂത്തു പാകമായി. കാരണവർ അധികം ചിന്തിച്ചില്ല പിന്നാമ്പുറത്തെ മാവ് വെട്ടൽ മനോഹരമായി നടത്തിക്കൊടുത്ത ഭാസ്കരനെത്തന്നെ ചക്കയിടാൻ ഏല്പിച്ചു.
കൊച്ചു മോൻ ഉണ്ണിമേത്തനെ കൂട്ടി ഭാസ്കരൻ ഹാജരായി.
എളിമയോടെ പ്ലാവ് തൊട്ടു വണങ്ങി ഭാസ്കരൻ മരം കയറ്റം തുടങ്ങി. കൂട്ടുകുടുംബത്തിലെ പിള്ളേർസംഘം ആർപ്പുവിളികളോടെ ഭാസ്കരനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. എവിടുന്നോ അലഞ്ഞു തിരിഞ്ഞു പറമ്പിൽ കയറിക്കൂടിയ ഒരാടുണ്ട് അവിടെ പ്ലാവിന് താഴെ കിടക്കുന്നു.
ഭാസ്കരൻ ഉറക്കെ വിളിച്ചു പറഞ്ഞു...."ചക്ക ഞാൻ ധാ....ആടിന്റെ തലയിൽ ഇടട്ടെ....?"
പിള്ളേർ സംഘം രണ്ടായി തിരിഞ്ഞു.....
"ഇടണം ഇടണം....ഇവനാണ് എന്റെ ട്രൗസർ കടിച്ചു മുറിച്ചത്....ഇവനാണ് എന്നെ മുട്ടനിടി ഇടിച്ചത്.." ഒരു സംഘം അലറിവിളിച്ചു.
"ഈ പറമ്പിൽ വച്ച് ഒരു മിണ്ടാപ്രാണിയെ ഉപദ്രവിക്കാൻ ഞങ്ങൾ സമ്മതിക്കില്ല " മറു സംഘം ആക്രോശിച്ചു.....
അമ്മയും അമ്മായിയും അമ്മൂമ്മയും മാമനും അളിയനും ഒക്കെ തർക്കങ്ങളിലായി.
ചിലർ പറഞ്ഞു "ഒരു ചക്ക ഇട്ടു തന്നു കുടുംബത്തെ സഹായിക്കാൻ വന്ന ഭാസ്കരനെ എന്തിനാണ് നിങ്ങൾ എതിർക്കുന്നത്...." "വീട്ടിലെ ആരുടെ മേലും ഇടുന്നില്ലല്ലോ...ഇതേതോ ആടല്ലേ ?''
"അയാൾ എന്തിനാണ് ആടിന്റെ മേൽ ചക്ക ഇടുന്നതു....ഒന്നില്ലെങ്കിലും അതൊരു സഹജീവി അല്ലെ..."
"താൻ ചക്ക ഇടെടോ..." "ചക്ക ഇട്ടാൽ അപ്പൊ കാണാം... ഇറങ്ങി വാടോ...." ആക്രോശങ്ങൾ മുറുകി.
ഭാസ്കരൻ ഒരു വളിഞ്ഞ ചിരിയോടെ ചക്ക ഇടൽ നിർത്തി താഴെ ഇറങ്ങി കരണവരോട് കടുത്തു പറഞ്ഞു..."ശെരി ഞാൻ ചക്ക ഇടുന്നില്ല .....പക്ഷെ ചക്ക ഇടാൻ തന്ന പൈസ ഞാൻ തിരിച്ചു തരില്ല....നിങ്ങളുടെ വീട്ടുകാർ അനാവശ്യമായി എതിർത്തതാണ് പ്രശ്നം"
വീട്ടിലെ ആൾക്കാർ എല്ലാം പ്ലാവിന് ചുറ്റും തർക്കിച്ചു കൊണ്ട് നിൽക്കുമ്പോൾ ഉണ്ണിമേത്തൻ തറവാടൊന്നു അരിച്ചുപെറുക്കി അടിച്ചു മാറ്റാവുന്നതൊക്കെ അടിച്ചു മാറ്റിക്കൊണ്ട് കാത്തു നിൽപ്പുണ്ടായിരുന്നു.
മെത്തനോടൊപ്പം നടന്നു പോകുമ്പോൾ ഭാസ്കരൻ മുറുമുറുത്തു " കുടുംബസ്നേഹമില്ലാത്ത വർഗ്ഗം...!"
മേത്തൻ ചിരിച്ചു കൊണ്ട് പറഞ്ഞു..."തെങ്ങു കേറാൻ നമ്മളെത്തന്നെ വിളിപ്പിക്കാതെ എവിടെ പോകാൻ...!"
വാൽകഷ്ണം:
ആട് : അതവിടെയൊക്കെ തന്നെ പ്ലാവില തിന്നു അലഞ്ഞു തിരിഞ്ഞു.
ചക്ക : പഴുത്തു വീണു ചീഞ്ഞു പോയി.
കാരണവർ: ചക്ക ആടിന്റെ തലയിലേ ഇടൂ എന്ന് ഭാസ്കരൻ എന്തിനാണ് ശാട്യം പിടിച്ചത് എന്നാലോചിച്ചു തലപുണ്ണാക്കി
വീട്ടമ്മ: ഉണ്ണിമേത്തന്റെ ഉണ്ണിമുഖം അവ്യക്തമായി ഓർത്തു നോക്കാൻ ശ്രമിച്ചു കൊണ്ട് നെടുവീർപ്പിട്ടു.
നിക്കറിട്ട പിള്ളേർ: ഭാസ്കരൻ ഉണ്ടായിരുന്നെങ്കിൽ ചക്ക തിന്നാമായിരുന്നു ആടിനെക്കൊണ്ടുള്ള ശല്യവും തീർന്നേനെ എന്ന് ദണ്ണിച്ചു കൊണ്ട് കുടുംബത്തിലുള്ള മറ്റുള്ളവരെക്കുറിച്ചു മുറുമുറുത്തു "കുടുംബസ്നേഹമില്ലാത്ത വർഗ്ഗം"